7/8/14

പെറ്റമ്മ ആൻഡ്‌ നയ്മർ (നെയ്ച്ചോർ അല്ല !)


പെറ്റമ്മ നടുവ് ഒടിഞ്ഞ് കിടന്നാലും തിരിഞ്ഞു നോക്കാത്തവന്മാരാണ് ഇപ്പൊ നെയ്മർ-ന്റെ നട്ടെല്ലിനെ ഓർത്ത് ചങ്കത്തടിക്കുകയും വാ വിട്ടു കരയുകയും, ഗണപതി ഹോമം കഴിക്കുകയും ചെയുന്നത് !
ഈശ്വരാ , ഭഗവാനേ...ഇവന്മാർക്ക് നല്ലത് മാത്രം വരുത്തണേ !

6/19/14

മഴ - ഒരു താത്വിക അവലോകനം !

കുടയും, കാറും, ഉറച്ച മേൽക്കൂര ഉള്ള വീടും, ഒക്കെ ഉള്ളവന്, മഴ എന്നും കവിതയും പ്രണയവും 'ക്ലാര'-യും ഒക്കെ ആയി അനുഭവപ്പെടും...ഇതൊന്നും ഇല്ലാത്തവന് മഴ, തുമ്മലിന് ഉള്ള ഒരു കാരണം മാത്രമാണ് !


10/4/12

ഒരു ഡിജിറ്റല്‍ കണ്ണുപ്പൊത്തി കളി അഥവാ ഒരു ദുബായ് പൊറോട്ട നാടകം !!

ദുല്കര്‍ സല്‍മാന്‍ ...ഏയ്...അല്ലല്ല...പ്രിഥ്വിരാജ്..
ഒന്ന് പോടാപ്പാ...!!
ഇനി പ്രണവ് മോഹന്‍ലാല്‍ എങ്ങാനും ആണോ...!!

ശോ...മമ്മുക്ക തന്നെ മതിയായിരുന്നു....

ഇവിടെ ഒരു പേരിടീല്‍ ചടങ്ങ് നടക്കുന്നു എന്ന് തെറ്റിദ്ധരിച്ച മാന്യ വായനക്കാര്‍ക്ക്‌ തെറ്റി. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അടിയന്‍ പ്രിയ വായനക്കാര്‍ക്ക്‌ 9 ഗ്യാസ് കുറ്റിയും 4 ലിറ്റര്‍ പെട്രോളും ( റേഷന്‍ കാര്‍ഡും പെട്രോള്‍ കൈ പറ്റാന്‍ കന്നാസും ആയി വരുന്നവര്‍ക്ക് മാത്രം ) ഇഷ്ടധാനമായി നല്‍കിക്കൊള്ളാമെന്ന്  ഇതിനാല്‍ അറിയിച്ചുക്കൊള്ളുന്നു . തിരുപ്പാച്ചിയും ശിവകാശിയും ഒക്കെ കാണിച്ചു അന്പുള്ള തമിഴ് മക്കളെ രോമാഞ്ച കഞ്ചുകുതരാക്കുകയും , റിലീസിന് തിയേറ്റര്‍ കിട്ടാതെ നട്ടം തിരിഞ്ഞു നിന്ന പാവം മലയാള സിനിമ നിര്‍മ്മാതാവിനെ മൂക്ക് കൊണ്ട് 'ഖ' , 'ഞ്ച' , 'ഋ ' മുതലായ അക്ഷരങ്ങള്‍ വരപ്പിക്കുകയും ചെയ്ത സര്‍വ ശ്രീ പെരരശു അവറുകള്‍ ആദ്യമായി മലയാളത്തില്‍ കാലു കുത്താന്‍ പോകുന്ന ചിത്രമാണ്‌ സാമ്രാജ്യം 2 . ഇവിടെ ഉള്ളവന്മാര്‍ തന്നെ കുത്തി കുത്തി മലയാള സിനിമ ഏതാണ്ട് ഒരു വഴിക്കായി ഇരിക്കുമ്പോഴാണ് ഇടത്തേക്ക് മുണ്ടും മടക്കി കുത്തി, കുളിച്ചു കുറിയും തൊട്ടു, നായകനെയും സസ്പെന്‍സ് ആക്കി വെച്ച് തമിഴ് നാട്ടില്‍ നിന്ന് അണ്ണന്‍റെ വരവ്. എന്തിരാകുവോ എന്തോ ( പുച്ഛം വാരി വിതറുമ്പോ അറിയാതെ എനിക്ക് തിരോന്തോരം ഭാഷകള് കേറി വരും. കഷ്ടം തന്നെ !! )

എന്തിരേലും ആട്ടെ..മര്യാദക്ക് വന്നങ്ങു പടം പിടിച്ചിട്ടു പോയാല്‍ പോരേ ?
അതില്ല !! പകരം മലയാള സിനിമയെ ഉത്ബോധിപ്പിച്ചു പണ്ടാരമടക്കിയിട്ടെ പൊകൂ എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും? ഞങ്ങള്‍  മലയാളികള്‍ ആദ്യം കരുതി ദുല്കര്‍ ആവും നായകന്‍ എന്ന്.പിന്നെ അടുത്തവീട്ടിലെ സോമശേഖരന്‍ പറഞ്ഞു നായകന്‍ പ്രിഥ്വിരാജ് ആണെന്ന് ( പ്രിഥ്വിരാജ് ഫാന്‍സ്‌ അസോസിയേഷന്‍ കല്ലുവെട്ടാന്‍ കുഴി പ്രസിഡന്റ്‌ ആണ് മേല്‍ പറഞ്ഞ സോമന്‍ ).അപ്പോഴാണ് ഒരു വാര്‍ത്ത‍ കേള്‍ക്കുന്നത് ഉണ്ണി മുകുന്ദന്‍ വരുന്നു നായകനായി എന്ന്.അതും കൂടി അങ്ങ് കേട്ടതോടെ ഞങ്ങള്‍ മലയാളികള്‍ ഹൃദയം തകര്‍ന്നു താടിക്ക് കയ്യും കൊടുത്തു കണ്ണില്‍ കടുകെണ്ണയും ഒഴിച്ച് നോക്കിയിരുന്നു ഫേസ്ബുക്കില്‍ . ( ഇനി ബിരിയാണി  കൊടുക്കുന്നുണ്ടെങ്കിലോ  !! ). ഉണ്ണിക്കുട്ടന്‍ അലക്സാണ്ടര്‍ ചേട്ടന്‍റെ മകനായി RX 100-ല്‍ വന്ന് ഇറങ്ങുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്ന സോമശേഖരനെ ആശ്വസിപ്പിക്കാന്‍ ഞങ്ങ പെട്ട പാട് ഈ പെരരശു അണ്ണന് അറിയണോ !!

അങ്ങനെ ദിവസങ്ങള്‍ പെട്ടന്നു കടന്നു പോയി.ഫാന്‍സുകാര്‍ തമ്മില്‍ തല്ലി അലക്സാണ്ടര്‍ തല്ലുകൊള്ളിയുടെ മകന്‍റെ വരവ് ഒരു മഹാ സംഭവം ആക്കി.ഓണം ഓഗസ്റ്റില്‍ കഴിഞ്ഞതു ഏത്രയോ നന്നായി.ഇല്ലെങ്കില്‍ ഇവന്മാരെല്ലാം കൂടി മഹാബലി തമ്പുരാനെ പിടിച്ചു Son Of Alexander ആക്കിയേനെ.അങ്ങനെ എങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ അടുത്ത ചിങ്ങ മാസത്തില്‍ പാവം മലയാളി ആരെയോര്‍ത്ത് കള്ള് കുടിക്കും  ? ഹോ ..!!
ബിവറെജസ് ഭഗവാന്‍ കാത്തു !! 

അറബി നാട്ടില്‍ ഒരുങ്ങുന്ന വര്‍ണാഭമായ സാമ്രാജ്യം 2 എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങിലേക്ക് കണ്ണും നട്ടിരിക്കുന്ന മലയാളിയോട് 2-3 വാക്കുകള്‍.

സ്നേഹിതന്മാരേ,  'അടിപൊളി പടം', 'ഹോളിവുടിനെ വെല്ലുന്ന Action സിനിമ ' , 'കിടിലന്‍ പടം' എന്നൊക്കെ ഉള്ള സ്വയം പുകഴ്ത്തലുകള്‍ കേള്‍ക്കാന്‍ സാധ്യത ഉള്ള ഒരു തട്ടു പൊളിപ്പന്‍ സിനിമയുടെ നിലവാരം കുറഞ്ഞ പ്രി പ്രോഡക്ഷന്‍ മാര്‍ക്കെറ്റിംഗ് തന്ത്രത്തിലെ ഒരു കണ്ണി ആവുകയായിരുന്നു ഈ സിനിമയിലെ നായകനെ പ്രവചിച്ചു കാത്തിരുന്ന നിങ്ങളും അതിനെ പറ്റി  എഴുതിയ ഞാനും.കോടികള്‍ വാരി എറിഞ്ഞു നടത്തുന്ന പൂജ ചടങ്ങില്‍ അവതരിപ്പിക്കപെടാന്‍ പോകുന്ന നായകന്‍ ആരുമാവട്ടെ, അദേഹത്തെ വെച്ച് നടത്തിയ ഒരു കച്ചവട കുതന്ത്രമായി മാത്രം അവസാനിക്കും ഈ  HERO LAUNCH കണ്ണുപ്പൊത്തി കളി. ഇതുപോലെയോ ഇതില്‍ അധികമോ HYPE സൃഷ്ട്ടിച്ചു ഈ വര്‍ഷം ആദ്യം പുറത്തു വന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്‍റെ നിലവാരം മാന്യ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലൊ !! 

കോടികള്‍ വാരി എറിഞ്ഞു ഉണ്ടാക്കി എടുക്കുന്ന ഒരു വില്‍പ്പന ചരക്കു മാത്രമല്ല സിനിമ.



9/2/12

ആര്‍പ്പു വിളികള്‍ക്ക് ചെവി കൊടുക്കാതെ തിരിഞ്ഞു നടന്ന പ്രതിഭ-മോഹന്‍ രാഘവന്‍

“കാറ്റിലാടി ഉലയുന്ന ഈ കരിമ്പനകളുടെ സീല്‍ക്കാരത്തില്‍ ഇനിയുമുണ്ട് ഏറെ കഥകള്‍ “
T D Dasan 
STD 6 B




കരിമ്പനകളുടെ നാട്ടിലെ ആറാം ക്ലാസ്സുകാരന്‍റെ കഥ പറഞ്ഞു തന്ന സുഹൃത്തേ…
പറയാന്‍ ബാക്കി വെച്ച ഒരുപാട് കഥകളുടെ പേരില്‍ ആവില്ല ,നന്നായി പറഞ്ഞു തന്ന ഒരു കഥയുടെ പേരിലാവും മലയാള സിനിമ താങ്കളെ ഓര്‍ക്കുക. കേരളത്തിലെ അത്യാധുനിക ബുദ്ധിജീവി സമൂഹം എന്ന് സ്വയം വിശ്വസിക്കുന്ന സിനിമ നിരൂപകര്‍ ; ന്യൂ ജനറേഷന്‍ സംവിധായകര്‍ എന്ന് വാഴ്ത്തുന്ന പല മിടുക്കന്മാരും, വിദേശ സിനിമകളില്‍ നിന്ന് 'പ്രചോദനം' ഉള്‍ക്കൊണ്ട് അവയുടെ മലയാളം റീമേക്കുകള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ,നിങ്ങള്‍ ഞങ്ങളെ കൊണ്ട് പോയത് കൊച്ചിയിലെ വേശ്യാലയങ്ങളിലെക്കോ, കൊട്ടേഷന്‍ സങ്കേതത്തിലേക്കോ , പരപുരുഷ / സ്ത്രീ ബന്ധങ്ങളില്‍ ഹരം കണ്ടെത്തുന്ന പോസ്റ്റ്‌ മോഡേണ്‍ സമൂഹത്തിലെക്കോ അല്ല എന്നതിന് തന്നെ ആണ് ആദ്യത്തെ കയ്യടി.

ദാസപ്പനെയും, മുത്തിയമ്മയെയും പ്രേക്ഷകരുടെ കണ്ണിലേക്കു അല്ല , ഹൃദയത്തിലേക്ക് ആണ് നിങ്ങള്‍ കൊണ്ട് വന്നത്.തിയറി ക്ലാസുകള്‍ മാത്രം പഠിച്ചു 'പടം പിടുത്തത്തിനു' ഇറങ്ങുന്ന പല പുതുമുഖ സംവിധായകരും ജിമ്മി ജിബിനും 4K റസല്യുഷന്‍ ക്യാമറക്കും വേണ്ടി പ്രൊഡ്യുസറുടെ വീടിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്ന കാലത്ത്, ഏത്ര ലളിതമായിട്ട്‌ ആണ് നിങ്ങള്‍ ദാസന്‍റെ കഥ പറഞ്ഞു അവസാനിപ്പിച്ചത്.ഫിലിം സ്കൂളില്‍ നിന്ന് പലരും സിനിമയുടെ സാങ്കേതികത മാത്രം പഠിച്ചു സര്‍ട്ടിഫിക്കറ്റുമായി ഇറങ്ങിയപ്പോള്‍ , നിങ്ങള്‍ പഠിച്ചത് കഥ പറച്ചിലിന്‍റെ സൗന്ദര്യം കൂടി ആണെന്ന് മനസിലാക്കി തരുന്നു താങ്കളുടെ ദാസന്‍.

തെക്കേ ചായിപ്പിലെ ചുവരലമാരയും; ഭാരതത്തിന്‍റെ ഭൂപടവും, ശാസ്ത്രത്തിലെ കൗതുകങ്ങളും ഒട്ടിച്ചു വെച്ച സ്കൂള്‍ ക്ലാസ്സ്‌ മുറികളും; തോമസ്സുകുട്ടിയുടെ ചാച്ചന്‍ ദുബായില്‍ നിന്ന് കൊണ്ട് വന്ന ഹീറോ പേനയും; 252 രൂപ നിറച്ച കാശു കുടുക്കയും; കുറുവന്‍ കുന്നിന്‍റെ താഴെ കൂടി പോകുന്ന Banglore തീവണ്ടിയും ഒക്കെ പദ്മരാജന്‍ കഥകളെ ഓര്‍മപ്പെടുത്തുന്നവ ആയിരുന്നു.

ഭരതനും, പദ്മരാജനും , ലോഹിതദാസും , രവിന്ദ്രന്‍ മാഷും ,ജോണ്‍സണ്‍ മാഷും ഉള്ള ആ ലോകത്തേക്ക് നിങ്ങള്‍ പൊടുന്നനെ തിരിച്ചു നടന്നപ്പോള്‍ മലയാള സിനിമക്കു നഷ്ടമായത് ഗിമിക്കുകള്‍ക്കു പുറകെ പായാന്‍ ഇഷ്ടപെടാത്ത ഒരു കഥ പറച്ചിലുകാരനെയാണ്.

Mohan Raghavan (22 January 1964 – 25 October 2011)

8/31/12

മോഹന്‍ലാല്‍ ഭൂമിയിലേക്ക്‌ ഇറങ്ങിയിരിക്കുന്നു !!


മോഹന്‍ലാല്‍ ഭൂമിയിലേക്ക്‌ ഇറങ്ങിയിരിക്കുന്നു !!

Run Baby Run കണ്ടു തിയേറ്റര്‍ വിട്ടപ്പൊ തോന്നിയ ആദ്യ വികാരം ഇതായിരുന്നു.പതിനഞ്ചോ മുപ്പതോ പേരെ ഒറ്റ അടിക്കു തെറിപ്പിക്കുന്ന, നെടു നീളന്‍ പഞ്ച് ഡയലോഗുകള്‍ പറയുന്ന, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ജോഷി സര്‍ എവിടെയോ ഒളിച്ചിരുത്തിയിരിക്കുന്നു (ആ ഒളി സങ്കേതം ആന്റണി പെരുമ്പാവൂര്‍ കണ്ടു പിടിക്കാതെ ഇരിക്കട്ടെ എന്ന് നമുക്ക് മെഴുകുതിരി കത്തിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം).

മഹത്തരം എന്ന് പറയാന്‍ പറ്റിലെങ്കിലും നല്ല ഒരു Entertainer എന്ന് കണ്ണും പൂട്ടി പറയാവുന്ന ചിത്രമാണ്‌ RBR.കാസനോവ എന്ന തട്ടിക്കൂട്ടില്‍ നിന്ന് മോഹന്‍ലാല്‍ എന്തൊക്കെയോ പഠിച്ചിരിക്കുന്നു.കാസനോവയെ അത്ര മാത്രം മോശമാക്കിയത്തിനു റോഷനും confident ഗ്രൂപ്പിനും, ആന്റണി അവറുകള്‍ക്കും സ്തുതിയോടു സ്തുതി. സച്ചി എഴുതിയ തിരക്കഥയില്‍ ഏച്ചു കെട്ടിയ സീനുകളും ഹീറോയിസം വഴിഞ്ഞു ഒഴുകുന്ന സംഭാഷണങ്ങളും താരതമ്യേന കുറവാണു എന്നുള്ളത് തന്നെയാണ് ആദ്യ ആശ്വാസം.അച്ഛന്റെ പ്രായം ഉള്ള ലാലിന്‍റെ കൂടെ അമല പോള്‍ വന്നാല്‍ ഉണ്ടാകാവുന്ന കേട്ടിപിടിക്കലും പ്രണയ രംഗങ്ങളും കാണേണ്ടി വരുമല്ലോ എന്നോര്‍ത്ത് സകല ദൈവങ്ങളെയും വിളിച്ചാണ് തിയേറ്ററില്‍ കേറിയത്‌... പക്ഷെ മേല്‍ പറഞ്ഞ കണക്കുള്ള രംഗങ്ങള്‍ ഒരു പാട്ട് സീനില്‍ ഒതുക്കി ജോഷി സര്‍( വീണ്ടും കരുത്തു തെളിയിച്ചു.(മോഹന്‍ലാല്‍ ഫാന്‍സിനു ഈ ഗാനരംഗം കാണാം, അല്ലെങ്കില്‍ കാണാതെ ഇരിക്കാം...പക്ഷെ ഫാന്‍സ്‌ അല്ലാത്ത ജീവികള്‍ ഈ ഗാന രംഗത്തിന്റെ സമയം സിഗരട്ട് വലിക്കാനോ കടല കൊറിക്കാനോ മറ്റോ ഉപയോഗിക്കാം ).പഴത്തൊലി തമാശകളും, ഡബിള്‍ മീനിംഗ് തമാശകളും കൊണ്ട് ഹിറ്റുകള്‍ സൃഷ്ടിക്കുന്ന മല്ലു സിങ്ങന്മാരും, മായാമോഹിനികളും കണ്ടു പഠിക്കണം ജോഷി എന്ന കച്ചവട സിനിമയുടെ മര്‍മ്മം അറിയാവുന്ന സംവിധായകനെ (ജോണി ചേട്ടനും വേണെങ്കില്‍ പഠിക്കാം).

കല്ലുകടികള്‍ ആയി പറയാന്‍ പറ്റുന്ന പ്രധാന കാര്യം രതീഷ്‌ വേഗയുടെ പശ്ചാത്തല സംഗീതമാണ്.എന്തൊക്കെയോ കാട്ടി കൂട്ടാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഒരു ശബ്ദ കോലാഹലം മാത്രമായി മാറുന്നുണ്ട് BGM. സായികുമാറിന്റെയും സിദ്ധിക്കിന്റെയും വില്ലന്‍ വേഷങ്ങള്‍ ക്ലീഷേ ആയി പോയി എന്നതാണ് മറ്റൊരു പ്രധാന പോരായ്മ.

ഫാന്‍സിനു വേണ്ടി മാത്രം പടച്ചു വിട്ട ഒരു ജഗപൊക അല്ല RBR.മോഹന്‍ലാല്‍ എന്ന നടന്‍ ഭൂമിയില്‍ നിന്ന് അഭിനയിച്ച ഒരു നല്ല Entertainer.

8/26/12

താപ്പാന= മമ്മൂട്ടിക്ക് പറ്റിയ മറ്റൊരു അബദ്ധം അഥവാ ഒരു JOHNY ANTONY ചിത്രം !!!

ഈശ്വരാ ഭഗവാനേ...ജോണി ആന്റണിക്ക് നല്ലത് മാത്രം വരുത്തണേ...
എന്നാലും ആ പരമ ദുഷ്ടന്‍...!!!

കോട്ടയം കുഞ്ഞച്ചനും മൈക്കും (Loudspeaker) പിന്നെ സിബിയും ഉദയനും ചേര്‍ന്ന് മമ്മുട്ടിക്ക്‌ വേണ്ടി പടച്ചു വിട്ട മറ്റു പല കഥാപാത്രങ്ങളും സമാസമം ചേര്‍ത്ത് ഉണ്ടാകിയെടുത്ത പകുതി പോലും വേവാത്ത, വായില്‍ വെക്കാന്‍ കൊള്ളില്ലാത്ത ഒരു പ്രത്യേകതരം കരിഞ്ഞ വിഭവമാണ് ജോണി ചേട്ടന്‍റെ താപ്പാന എന്ന് പറയുന്ന ചലച്ചിത്ര മഹാ കാവ്യം.ഈ ഓണ വിഭവം കഴിക്കുന്നതിലും എന്ത് കൊണ്ടും ഭേദമാണ് ജോണി ചേട്ടന്‍റെ തന്നെ തുറുപ്പുഗുലാനും പട്ടണത്തില്‍ ഭൂതവും 25 തവണ വീതം കാണുന്നത്.



എങ്ങിനെ ഒരു ജോണി ആന്റണി ചിത്രം ഉണ്ടാക്കാം ( അഥവാ ഉണ്ടാക്കാതിരിക്കം ) എന്ന് മനസിലാക്കാന്‍ ആഗ്രഹിക്കുന്ന സിനിമ മോഹികളായ ചെറുപ്പക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട സാധനമാണ് സിന്ധുരാജ് എഴുതി എന്ന് അവകാശപ്പെടുന്ന താപ്പാനയുടെ തിരക്കഥ.പ്രതികാര ദാഹിയായ നായിക,ചുവന്ന ബുള്ളെറ്റ്-ഇല്‍ നടക്കുന്ന പ്രധാന വില്ലന്‍, കലങ്ങിയ കണ്ണുകളുമായി കറങ്ങി നടക്കുന്ന സഹ വില്ലന്‍, വെള്ളയും വെള്ളയും ഇട്ട ഒരു പഞ്ചായത്ത്‌ മെമ്പര്‍, ക്ലൈമാക്സ്‌ രംഗങ്ങളിലെ തൂത്തുവാരി ഇടി, തുടങ്ങി അധികം സിനിമകളില്‍ കാണാത്ത തരം കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് സംപുഷ്ടമാണ് താപ്പാന.തിരക്കഥ കൃത്തിന്റെ മഹാ വൈഭവം...അല്ലാതെ എന്തു പറയാന്‍ !!

ചിത്രം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ എനിക്ക് ആ സത്യം മനസിലായി-തുറുപ്പുഗുലാനും പട്ടണത്തില്‍ ഭൂതവും ഒക്കെ വേള്‍ഡ് ക്ലാസ്സിക്സ്‌ ആയിരുന്നെന്ന്‌.

താപ്പാന= മമ്മൂട്ടിക്ക് പറ്റിയ മറ്റൊരു അബദ്ധം അഥവാ ഒരു JOHNY ANTONY ചിത്രം !!!

8/21/12

ഫ്രൈഡേ 

വിനോദും ഐഷയും ചങ്ക് ഉരുകി പ്രേമിച്ചപ്പോ മലയാളി ചിരിച്ചു...കരഞ്ഞു...ഉള്‍കിടിലം കൊണ്ടു...ഒടുവില്‍ ഒരു ഡയലോഗും വിട്ടു..."അനിയത്തിപ്രാവിനും നിറത്തിനും ശേഷം കണ്ട ഏറ്റവും മികച്ച പ്രണയ ചിത്രം "....വിനീത് ശ്രീനിവാസന്‍ മലയാളക്കര അടുത്തകാലത്ത്‌ കണ്ടെത്തിയ ഏറ്റവും പ്രതിഭ ഉള്ള സംവിധായകന്‍ ആയി ( അന്‍വര്‍ റഷീദും അരുണ്‍കുമാര്‍ അരവിന്ദും ശ്രീനാഥ് രാജേന്ദ്രനും അഷിക്ക് അബുവും സിദ്ധാര്‍ത് ഭരതനും ഒക്കെ വെറും സോമനും ശശിയും )...നിവിന്‍ പോളി ന്യൂ ജെനരഷന്‍ ഹീറോ ആയി...ഇഷ തല്‍വാര്‍ മലയാളിത്തം വഴിഞ്ഞു ഒഴുകുന്ന പെണ്‍കുട്ടി ആയി...എല്ലാം നല്ലത്..പക്ഷെ..



ലിജിന്‍ ജോസും , സിനിമയെ സ്നേഹിക്കുന്ന കുറെ ചെറുപ്പക്കാരും ചേര്‍ന്ന് കുറച്ചു പച്ചയായ ആലപ്പുഴക്കാരുടെ ഒരു ദിവസത്തെ ജീവിതം സിനിമ ആക്കിയപ്പോള്‍ അതില്‍ തെറ്റുകളായി...കുറവുകളായി...ഒന്നുമില്ലയ്മയായി...പ്രശ്നങ്ങളോട് പ്രശ്നങ്ങള്‍.......
ചെറിയ ചെറിയ തെറ്റുകള്‍ ഒരുപാട് പറയാനുള്ള ഒരു സിനിമയാണ് ഫ്രൈഡേ..പക്ഷെ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലക്ക് ലിജിനും അയാള്‍ടെ കൂടെ പ്രവര്‍ത്തിച്ച കുറെ ചെറുപ്പക്കാരും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു...വ്യതസ്തമായി ചിന്തിച്ചതിന്..
പൈങ്കിളി ആയിട്ടല്ലാതെയും പ്രണയം ചിത്രീകരിക്കാന്‍ കഴിയും എന്ന് വീണ്ടും കാട്ടി തന്നതിന്...അവിഹിത ബന്ധങ്ങള്‍ ഇല്ലാത്ത കുറെ മനുഷ്യരും ഈ നാട്ടില്‍ ഉണ്ട് എന്ന് പറഞ്ഞു തന്നതിന്...അങ്ങനെ പലതു കൊണ്ടും കയ്യടി അര്‍ഹിക്കുന്നു 'ടീം ഫ്രൈഡേ'...
മാറ്റം ആഗ്രഹിക്കുന്ന ഓരോ മലയാളിയും കണ്ടിരിക്കേണ്ട ഒരു ചെറിയ ചിത്രമാണ്‌ ഫ്രൈഡേ...